കൊച്ചി : കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയില്‍ ഒപ്പുശേഖരണം. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് ഒപ്പുശേഖരിച്ച് ദേശീയ നേതൃത്വത്തിനയക്കുന്നത്. പി കെ കൃഷ്‌ണദാസ് – ശോഭ സുരേന്ദ്രന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണിത്. സുരേന്ദ്രനെ നേതൃത്വത്തിലിരുത്തി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ നീക്കം.
കേരള ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയെ സജീവമാക്കാന്‍ വി മുരളീധരന്‍ – സുരേന്ദ്രന്‍ പക്ഷം ശ്രമിക്കുന്നു. അതേസമയം വിശ്വാസ്യത നഷ്ടമായ നേതൃത്വം മാറണമെന്ന നിലപാട് കടുപ്പിക്കുകയാണ് മറുപക്ഷം.
സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത്നിന്ന് നിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കകത്ത് ഒപ്പ് ശേഖരണം നടത്തുകയാണ് ഈ വിഭാഗം. കോഴ ഇടപാടും ഫണ്ട് വെട്ടിപ്പുകളും ബിജെപിയുടെ മുഖം നഷ്ടമാക്കിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കൃഷ്‌ണദാസ് – ശോഭ വിഭാഗങ്ങള്‍. പാര്‍ട്ടി നേതൃതല യോഗങ്ങള്‍ ഓണ്‍ലൈനിലല്ലാതെ വിളിച്ച് തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ നിലപാട് . എന്നാല്‍ ചൊവ്വാഴ്‌ച സംസ്ഥാന കമ്മിറ്റി യോഗം ഓണ്‍ലൈനിലാണ് വിളിച്ചത്.
കോര്‍കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങളിലൊന്നും തെരഞ്ഞെടുപ്പ് ഫണ്ടിന്റെയും മറ്റും കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന് പറഞ്ഞ് സുരേന്ദ്രന്‍ പക്ഷം അവഗണിക്കുകയാണെന്നും സുരേന്ദ്രന്‍ വിരുദ്ധപക്ഷം ചുണ്ടിക്കാട്ടുന്നു, മറ്റുരാഷ്‌ട്രീയ പാര്‍ട്ടികള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സൂചിപ്പിച്ച് സമാനശൈലി ബിജെപിയിലും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് സുരേന്ദ്രന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പുനഃസംഘടന എന്നാണ് കേന്ദ്രനേതൃത്വത്തോട് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ജൂലൈയില്‍ ചേരുന്ന ആര്‍ എസ്‌എസ് ബൈഠക്‌കൂടി ലക്ഷ്യമിട്ടാണ് ഒപ്പുശേഖരണം.