കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് മുന്നണിയിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ പഴയതു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന രീതി ഇക്കുറിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ കണ്ടെത്തുമെന്നും കൂട്ടായ നേത്യത്വം തെരഞ്ഞെടുപ്പിനെ നേരിടുമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിൻ്റെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഘടകകക്ഷികൾ സൗഹൃദ മനോഭാവത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കൂട്ടായ നേതൃത്വമാണ് ഹൈക്കമാൻഡ് തീരുമാനം. ദുർവ്യാഖ്യാനങ്ങൾ വേണ്ട. പുതിയ ഘടകകക്ഷികൾ മുന്നണിയിലേക്ക് വരാനുള്ള സാഹചര്യമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തേത് പോലെയുള്ള പ്രകടനം കാഴ്ച്ച വെയ്ക്കുന്ന സർക്കാരാണ് ലക്ഷൃം. യു.ഡി.എഫ് പ്രകടന പത്രികയിൽ ജനക്ഷേമ പരമായ കാര്യങ്ങളുണ്ടാകും. തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പാഠമാണെന്നും തെറ്റ് തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പുതുതലമുറക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യമുണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ ആര് നയിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.