കോഴിക്കോട് : ഹരിതയെ വിമർശിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. പത്ത് വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതയ്ക്ക് കഴിഞ്ഞെന്ന് പി.കെ. നവാസ്. ഹരിതയുടെ പത്താം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. സംഘടന ജന്മദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമപ്പെടുത്തേണ്ടത് മാതൃ സംഘടനയുടെ കടമയാണെന്നും പി.കെ. നവാസ് അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതിയിൽ പി.കെ. നവാസിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊഴിയെടുക്കാനായി നവാസിനോട് ഹാജരാകാൻ ചെങ്ങമനാട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് (ഐപിസി 354 (എ)) നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് സ്വാഭാവിക നടപടിയെന്നായിരുന്നു പി. കെ നവാസിന്റെ പ്രതികരണം. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി അറസ്റ്റിനെ കാണുന്നു.
പാർട്ടിയുടെ അനുവാദത്തോടെ മാധ്യമങ്ങളെ കണ്ട് പറയാനുള്ളത് പറയും. എംഎസ്എഫ് അധ്യക്ഷനായി തുടരണമോയെന്നത് പാർട്ടി തീരുമാനിക്കും. സ്ഥാനം ഒഴിയണമെന്ന് ലീഗ് ആവശ്യപ്പെട്ടാൽ ഒരു നെഗറ്റീവ് കമന്റുമില്ലാതെ സ്ഥാനം ഒഴിയും. ഇപ്പോൾ നടക്കുന്ന മാധ്യമ ചർച്ചകളിൽ വേദനയുണ്ടെന്നും നവാസ് പ്രതികരിച്ചു.