മഴക്കാലത്ത് കുട്ടനാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടോ? റോഡിനിരുവശത്തെയും കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളും മഴയും പാടങ്ങളും എല്ലാം ചേരുന്ന കാഴ്ചകൾ. ഇല്ലെങ്കിൽ ഇതാ പോരെ.. നീണ്ട കാലങ്ങൾക്കു ശേഷം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ വീണ്ടും കെഎസ്ആർടിസി ബസുകൾ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയുടെ മഴക്കാല സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കാവുന്ന യാത്രയാണിത്. എസി റോഡിന്‍റെ നവീകരണത്തെത്തുടർന്ന് നാളുകളായി ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് നേരിട്ടുള്ള ബസ് സർവീസുകൾ ഒഴിവാക്കിയിരിക്കുകയായിരുന്നു. ഭാഗികമായി മാത്രമായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം മുതൽ കെഎസ്‌ആർടിസി മുഴുനീളെ സർവീസ് വീണ്ടും ആരംഭിച്ചതോടെ ഈ റൂട്ടിലുള്ള യാത്രക്കാർക്കൊപ്പം കുട്ടനാട് കാഴ്ചകൾ മഴക്കാലത്ത് കാണാന്‍ കാത്തിരിക്കുന്നവരും ആവേശത്തിലാണ്.
ഇപ്പോൾ മൂന്ന് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾക്കാണ് അനുമതി നല്കിയിരിക്കുന്നത്. ആകെ 19 സർവീസുകൾ ഒരു ദിവസം നടക്കും. വീതികൂട്ടിയ പാലങ്ങളും വെള്ളം കയറാതിരിക്കാൻ ഉയർത്തിപ്പണിത പാതയും ഒപ്പം മൂന്നു മേൽപ്പാലങ്ങളും കയറിപ്പോകുന്ന യാത്ര സഞ്ചാരികൾക്ക് ആവേശമായിരിക്കുമെന്ന് തീർച്ച. പ്രത്യേകിച്ച് ആലപ്പുഴയിലെ മഴക്കാലവും മഴക്കാഴ്ചകളും പരിചിതമല്ലാത്തവർക്കും. ആദ്യ സർവീസ് രാവിലെ 7.30ന് ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്കാണ്. വൈകുന്നേരം 6.00 മണിക്കാണ് ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള അവസാന സർവീസ്. മൂന്നു ബസുകളുടെയും സമയക്രമം നോക്കാം. ഏകദേശം ഒരു മണിക്കൂർ 15 മിനിറ്റുകൊണ്ട് ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിയിലെത്താം. ഈ റൂട്ടിൽ അഞ്ച് മേൽപ്പാലങ്ങളാണ് കയറിപ്പോകുവാനുള്ളത്. അതിൽ നസ്രത്ത്, ജ്യോതി, മങ്കൊമ്പ് മേൽപ്പാലങ്ങൾ ഇപ്പോൾ തുറന്നിട്ടുണ്ട്.