ദില്ലി : ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 പേരുടെയും ഭൗതിക ശരീരങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ദില്ലിയിലെ പാലം വിമാനത്താവളത്തിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്.
ധീരസൈനികര്‍ക്ക് അൽപ്പസമയത്തിനകം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കര- വ്യോമ- നാവിക സേനാ തലവൻമാരും അൽപ്പ സമയത്തിനുള്ളിൽ വിമാനത്താവളത്തിലെത്തും. നിലവിൽ നിശ്ചയിച്ച പ്രകാരം 8. 50 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അന്ത്യാഞ്ജലി അർപ്പിക്കും. 9.05 ന് പ്രധാനമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കും.
9. 15 ന് രാഷ്ട്രപതിയും ശ്രദ്ധാഞ്ജലി അർപ്പിക്കിക്കാനെത്തും. രാജ്യത്തിന്റെ മൂന്ന് സൈനിക തലവൻമാരും ധീര ജവാൻമാർക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. ഇതോടൊപ്പം ശ്രിലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേർന്നിട്ടുണ്ട്.