പത്തനംതിട്ട : പോപ്പൂലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി റോയി അടക്കം നാല് പേരും അറസ്റ്റിലായതോടെ അഞ്ചാം പ്രതിയായ ഇളയ മകള്‍ക്കായി അന്വേഷണം. നിക്ഷേപരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് ആസ്ട്രേലിയയില്‍ വന്‍തോതില്‍ നിക്ഷേപം റോയിയും കുടുംബവും നടത്തിയതായിട്ടാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തങ്ങളുടെ പാര്‍ട്ണര്‍ഷിപ്പ് കമ്പനികളിലേക്ക് നിക്ഷേപകര്‍ അറിയാതെയാണ് ഉടമകള്‍ പണം വകമാറ്റിയത് . പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇടപാടുകള്‍. ശാഖയില്‍ സ്വീകരിക്കുന്ന പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റുകയാണ് ഉടമകള്‍ ചെയ്തിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 2014ല്‍ പോപ്പുലര്‍ ഫിനാന്‍സിനെതിരെ കേരളത്തില്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിക്ഷേപം സ്വീകരിക്കല്‍, വായ്പ നല്‍കല്‍ ഉള്‍പ്പെടെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കേസ്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി സ്ഥാപനം മുന്നോട്ട് പോയി. ക്രൈം ബ്രാഞ്ച് കേസിനു പിന്നാലെ പോപ്പുലര്‍ ഫിനാന്‍സിനെ വിവിധ കമ്പിനികളായി രജിസ്റ്റര്‍ ചെയ്തു.
ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് കമ്പിനി റജിസ്ട്രേഷന്‍ എന്നാണ് അവകാശപ്പെട്ടിരുന്നത്. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്സ് തുടങ്ങിയ കമ്പനികളാക്കി അതിലേക്കാണ് നിക്ഷേപങ്ങള്‍ മാറ്റിയിരുന്നത്. 200 പേരില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ കഴിയാത്ത സ്ഥാപനത്തിന് കേരളത്തില്‍ മാത്രം 284 ശാഖകളില്‍ ആയിരക്കണക്കിന് നിക്ഷേപകരും രണ്ടായിരത്തിലധികം കോടി രൂപ നിക്ഷേപവും ഉള്ളതായി പോലീസ് പറയുന്നു. ആളുകള്‍ പണയം വെച്ചിരുന്ന സ്വര്‍ണം മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ വീണ്ടും പണയം വെച്ചിരുന്നതായും കണ്ടെത്തി. റോയി ഡാനിയലിന്റെ പക്കല്‍ ഗള്‍ഫില്‍ നിക്ഷേപമുള്ളതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു. ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന ഉടമകളുടെ വാദം തെറ്റാണെന്നും കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പാണ് നടന്നതെന്നും പോലീസ് പറയുന്നു. ഓസ്ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളില്‍ കുടുംബത്തിനു നിക്ഷേപമുള്ളതായി പോലീസ് കണ്ടെത്തി.
കേസില്‍ ഉടമ റോയ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍), റിയ ആന്‍ തോമസ് (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷം തിരുവല്ല ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി 2നു മുന്‍പില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇവരെ ഹാജരാക്കിയത്. ശനിയാഴ്ച രാത്രിയും ഇന്നലെ പകലും ഇവരെ ചോദ്യം ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികള്‍ നിക്ഷേപത്തുക വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയതിനെപ്പറ്റി പ്രത്യേക അന്വേഷണമുണ്ടാകും. റോയ് ഡാനിയലിന്റെ മറ്റൊരു മകളും കേസിലെ അഞ്ചാം പ്രതിയുമായ റീബയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കൂടുതല്‍ പേര്‍ സാമ്പത്തിക തട്ടിപ്പില്‍ പങ്കാളികളായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേ സമയം ഇവരുടെ ഓസ്ട്രേലിയയിലെ നിക്ഷേപം സംബന്ധിച്ച അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഇവര്‍ക്ക് കോടികളുടെ നിക്ഷേപമുണ്ട്. പിടിയിലായ രണ്ട് പെണ്‍മക്കള്‍ക്കാണ് തട്ടിപ്പില്‍ പ്രധാന പങ്കെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. അഞ്ചാം പ്രതിയായ ഉടമയുടെ മറ്റൊരു മകളെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. പുറത്തുവന്നതിലും വളരെ വലുതാണ് തട്ടിപ്പിന്റെ ആഴം. നിക്ഷേപകര്‍ക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്. ഓസ്ട്രെലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ പെട്ടെന്ന് പിടികൂടാന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അന്‍പത് വര്‍ഷത്തെ വിശ്വാസത്താല്‍ കിട്ടിയ നിക്ഷേപങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഉടമകള്‍ ഉപയോഗിച്ചതായി അന്വേഷണസംഘം പറയുന്നു. വ്യവസായ സംരംഭങ്ങളില്‍ നേരിട്ടല്ലാത്ത പങ്കാളിത്തമാണ് നേടിയത്. നിക്ഷേപത്തുക മുഴുവന്‍ മാറ്റിയിട്ടുള്ളത് പോപ്പുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍, മാനേജിങ് പാര്‍ട്ണര്‍ പ്രഭാ തോമസ്, സിഇഒ. ഡോ. റീനു മറിയം തോമസ് എന്നിവരുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്കാണ്. മൂന്ന് ദേശസാത്കൃത ബാങ്കുകളിലായി അഞ്ച് അക്കൗണ്ടുകളാണ് ഇവര്‍ക്കുള്ളത്. 1500 കോടിയുടെ ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് പോലീസിനോട് പ്രഭാ തോമസിന്റെ വെളിപ്പെടുത്തല്‍. ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ണര്‍ഷിപ്പായി (എല്‍.എല്‍.പി.) 21 കമ്പനികള്‍ രൂപീകരിച്ചു. ഇതില്‍ പല സ്ഥാപനങ്ങള്‍ക്കും അംഗീകാരമില്ലെന്നും തോമസ് ഡാനിയേല്‍ മൊഴി നല്‍കി.
സമീപകാലത്ത് രണ്ട് കോടി രൂപ വിലയുള്ള ഭൂമി ആന്ധ്രയില്‍ വാങ്ങിയതായും പ്രതികളുടെ മൊഴിയിലുണ്ട്. ചെമ്മീന്‍കൃഷി ചെയ്യാനായി 12 ഏക്കര്‍ ഭൂമി വാങ്ങി. ഓസ്േട്രലിയയില്‍ അഞ്ചോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സമ്മതിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണ് ഉടമകളുടെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ പിടിയിലായത്. പോപ്പുലര്‍ ഫിനാന്‍സ് ഡയറക്ടര്‍ ബോര്‍ഡംഗമാണ് റിയ. സ്ഥാപന ഉടമകളായ തോമസ് ഡാനിയലും ഭാര്യ പ്രഭയും ശനിയാഴ്ചയാണ് കീഴടങ്ങിയത്. വിദേശത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.