അടൂര്‍ : ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനിലും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഭാരതീയ പ്രകൃതി കൃഷി വികസന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ജൈവകൃഷി ഉത്പാദനോപാധികളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരേയും കൂടെ ചേര്‍ത്ത് വലിയ ജനകീയ പദ്ധതിയായി ജൈവകൃഷി പദ്ധതിയെ മാറ്റണം. കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് ശേഖരണം, സംസ്‌കരണം, വിതരണം എന്നിവയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ജൈവ കാര്‍ഷിക മിഷന്‍ സംസ്ഥാനത്ത് അധികം വൈകാതെ രൂപം കൊള്ളും. ചെറുപ്പക്കാരേയും സ്ത്രീകളുടേയും പങ്കാളിത്തത്തോടെ ജൈവ കാര്‍ഷിക രീതി വിപുലീകരിക്കും. ഓരോ ജില്ലയിലും പത്ത് മാതൃകാ ജൈവ കാര്‍ഷിക പ്ലോട്ടുകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മണ്ണിനെ സംരക്ഷിച്ചു കൊണ്ടുള്ള കൃഷിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുവാനായി മണ്ണിലെ സൂക്ഷ്മജീവികള്‍ സഹായിക്കുന്നു. അവയുടെ സംരക്ഷണത്തിനായി രാസവളങ്ങള്‍ അല്ല, ജൈവഉല്‍പാദന ഉപാധികളാണ് ആവശ്യം. ഇതിനായി ഏനാദിമംഗലം ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി രൂപീകരിച്ച ഫാര്‍മര്‍ ഇന്ററസ്റ്റ് ഗ്രൂപ്പായ (പ്രഗതി) ഉല്‍പാദിപ്പിച്ച ജൈവഉപാദികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് അംഗങ്ങളായ ജെ.ലത, ദിവ്യ, കാഞ്ചന, സതീഷ്‌കുമാര്‍, ലക്ഷ്മി ജി നായര്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി.ഷീല, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.