കൊടുമൺ : വിലനിലവാര പ്രതിസന്ധിക്കിടയിലും കേരളത്തിലെ എറ്റവും വലിയ പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ ആവർത്തന ക്യഷിയുടെ ഭാഗമായി കൊടുമൺ പ്ലാന്റേഷനിൽ റബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയത് നടുന്നു. കോരുവിള ഫാക്ടറിക്ക് സമീപം കാടുതല എസ്റ്റേറ്റിലെ മരങ്ങളാണ് ആദ്യപടിയായി മുറിച്ചുമാറ്റിയത്. ഇവിടെയാണ് പുതിയ തൈകൾ നടുന്നത്. എസ്റ്റേറ്റിലെ ഏകദേശം 40 ഹെക്ടർ പ്രദേശങ്ങളിൽ മാത്രമാണ് ആദ്യഘട്ടം ആവർത്തന കൃഷി ചെയ്യുന്നത്. കൈതയോ വാഴയോ ഇടവിള കൃഷിയായി നടാനും സർക്കാർ അംഗീകാരം നൽകി. ഉയരമുള്ള കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ വേനൽക്കാലത്ത് വെള്ളം കിട്ടാതെ വാഴത്തൈകൾ ഉണങ്ങിപ്പോകുമെന്നതും പുഴുശല്യം കൂടുമെന്നതും വാഴകൃഷി നഷ്ടത്തിലാകാനുള്ള സാധ്യത കൂടുതലാണ്.
അതിനാൽ കൈതകൃഷിക്ക് നൽകാനാണ് കോർപ്പറേഷൻ തീരുമാനിച്ചത്. ഇടവിള കൃഷിക്ക് ടെൻഡർ നൽകും. റബർ തൈകളുടെ സംരക്ഷണവും അവരുടെ ഉത്തരവാദിത്തത്തിലാകും. റബർ ബോർഡിന്റെ നിർദേശാനുസരണം 30 വർഷം പഴക്കമുള്ള മരങ്ങളാണ് വെട്ടിമാറ്റുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് കോരുവിള ഫാക്ടറിക്ക് സമീപം എ ഡിവിഷനിൽ റബർ തൈ നടീൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കോർപ്പറേഷൻ ചെയർമാൻ ഒ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ. മോഹൻകുമാർ, എം. സന്തോഷ്, ഇളമണ്ണൂർ രവി, അങ്ങാടിക്കൽ വിജയകുമാർ, എ. ഷംസുദ്ദീൻ, വർഗീസ് സഖറിയ, ബിജുമാത്യു, നാസർ. എം.സി. പ്രഭകുമാർ, ഡേവിഡ് വി.വി, ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു. മാനേജേിങ് ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് സ്വാഗതം പറഞ്ഞു.