കോന്നി : ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാതെ വനം വകുപ്പ്. കേന്ദ്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇട്ടിരിക്കുന്നത്. എന്നാൽ നൂറുകണക്കിന് ആളുകൾ വരുന്ന സവാരി കേന്ദ്രത്തിൽ ഇവ യഥാസമയം നീക്കം ചെയ്യാതെ വന്നതോടെ കുന്നുകൂടി. മുമ്പ് തൽക്കാലികമായി സ്ഥാപിച്ച മാലിന്യം ശേഖരിക്കുന്ന പെട്ടിയിലും മാലിന്യവും നീക്കിയിട്ടില്ല. ഇപ്പോൾ ഇത് കാടുകയറി കിടക്കുന്ന അവസ്ഥയാണ്.
ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെ കുന്നുകൂടിയപ്പോൾ കുരങ്ങ് അടക്കമുള്ള വന്യജീവികളുടെ ശല്യവും വർധിച്ചു. പ്ലാസ്റ്റിക് മാലിന്യം കുരങ്ങുകൾ ഭക്ഷിക്കുന്നത് പതിവായിമാറി. അടവിയിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തണ്ണിത്തോട് ആരോഗ്യവകുപ്പ് അധികൃതർ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വനം വകുപ്പിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചതുമില്ല. കൂടാതെ ഇവിടെയുള്ള ബയോ ഗ്യാസ് ടാങ്കിന് മൂടിയും ഇല്ലെന്നും ആക്ഷേപമുണ്ട്. വിനോദ സഞ്ചാരികൾ വനത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം കളയുന്നത് തടയുന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.