പെരിങ്ങര: ആശുപത്രിക്ക് സമീപം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍. പെരിങ്ങര പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മേപ്രാല്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സമീപമാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. പ്രതിദിനം ചാക്ക് കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം ഇവിടെ എത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്തിലെ മാലിന്യ സംഭരണത്തിനുള്ള വാര്‍ഡു തല മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം സി എഫ്) സംവിധാനം നിലവില്‍ ഇല്ല .
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്താണ് മാലിന്യശേഖരണം. കനത്ത ചൂടും മഴക്കാലവും മാറി വന്ന സാഹചര്യത്തില്‍ പ്രധാന റോഡ് തകര്‍ന്നതോടെ വീര്‍പ്പ് മുട്ടുകയാണ് മേപ്രാല്‍ പ്രദേശവാസികള്‍. മാലിന്യം കൂടിയതോടെ പ്രദേശത്ത് സാംക്രമിക രോഗബാധ ഉണ്ടാകുമോ എന്ന് ആശങ്കയുമുണ്ട്. മേപ്രാല്‍ ഷാപ്പും പടിയില്‍ മിനി എം സി എഫ് ഉണ്ടെങ്കിലും മാലിന്യശേഖരണം ഇപ്പോള്‍ ഇല്ല. ഒരു വാര്‍ഡില്‍ രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെയാണ് വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ഹരിത കര്‍മ്മ സേന അംഗങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നെങ്കിലും കളക്ട് ചെയ്യുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഇടമില്ല. നേരത്തെ പെരുന്തുരുത്തിയിലെ ശേഖരണ കേന്ദ്രത്തില്‍ ആയിരുന്നു മാലിന്യങ്ങള്‍ കൊണ്ടു പോയിരുന്നത്. പിന്നിട് കെട്ടിടത്തിന് തീപിടിച്ചതോടെ അവിടെയും മുടങ്ങി. രണ്ട് മാസമായി ക്ലീന്‍ കേരള കമ്പനി മാലിന്യം സ്വീകരിക്കാന്‍ എത്തുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേ സമയം അപ്പര്‍ കുട്ടനാട് പ്രദേശമായ പെരിങ്ങരയില്‍ എല്ലാ വര്‍ഷവും വെള്ളപ്പെക്ക ഭീഷണി നേരിടുന്നതിനാല്‍ മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.