ന്യൂഡൽഹി: വാതുവെപ്പും ചൂതാട്ടവും അല്ലാതെ വിനോദത്തിനും നേരമ്പോക്കിനും വേണ്ടി ചീട്ടുകളിക്കുന്നതിനെ അധാർമിക പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം. കർണാടകയിലെ ഗവൺമെന്റ് പോർസലൈൻ ഫാക്ടറി എംപ്ലോയീസ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വൈ സി ഹനുമന്തരായപ്പയെ റോഡരികിൽ ചീട്ടുകളിച്ചതിനെത്തുടർന്ന് പിഴ ചുമത്തി. യാതൊരു വിചാരണയും ഇല്ലാതെ 200 രൂപ പിഴ ചുമത്തിയെന്നാണ് ആരോപണം. പിന്നാലെ ഹനുമന്തരായപ്പയെ തൽസ്ഥാനത്തു നിന്ന് നീക്കി കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
തുടർന്ന് ഇയാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി. കാര്യങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അപ്പീൽ നൽകിയ ആളുടെ മേൽ ധാർമിക അരാജകത്വം എന്ന് ആരോപിക്കുന്നത് ബുദ്ധിമുട്ടാണ്. പുരികം ചുളിക്കുന്ന തരത്തിലുള്ള ഏതൊരു കാര്യവും ധാർമിക അരാജകത്വമായി കണക്കാക്കാൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. സഹകരണ സംഘത്തിലെ സ്ഥാനത്തു നിന്ന് ഹനുമന്തരായപ്പയെ നീക്കം ചെയ്യാനുള്ള തീരുമാനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.