കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഴിമതിക്കേസില്‍ പ്രതികളായ രണ്ട് വില്ലേജ് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി .
പാറശാല സ്വദേശി കരുണാനിധി, മോഹനന്‍ എന്നിവരാണ് ഹര്‍ജി ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെയല്ല വിജിലന്‍സിന്റെ രുപീകരണമെന്നും അതുകൊണ്ട് തന്നെ നിയമസാധുതയില്ലെന്നുമായിരുന്നു ഇവരുടെ വാദം . പോലീസ് വകുപ്പിന് കീഴില്‍ പ്രത്യേക ഉത്തരവിലൂടെയാണ് വിജിലന്‍സ് രൂപീകരിച്ചത്. ഇതിനായി പോലിസ് ആക്‌ട് ഭേദഗതി ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് പോലീസ് ആക്‌ട് നിലവില്‍ വന്നതെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. അതു പ്രകാരം നിയമിതരാവുന്ന ഉദ്യോഗസ്ഥരാണ് വിജിലന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് അന്വേഷണം നടത്താനും കേസെടുക്കാനും കുറ്റപത്രം നല്‍കാനുമുള്ള അധികാരം ഉണ്ടന്നും കോടതി വ്യക്തമാക്കി.