പാലക്കാട് : പാലക്കാട് കോട്ടയില്‍ പെറ്റുപെരുകി ചെഞ്ചെവിയന്‍ ആമ. പരിസ്ഥിതിക്ക് ഭീഷണി, കണ്ടാല്‍ സുന്ദരരൂപം, ആകര്‍ഷിക്കാന്‍ കണ്ണിനുപിന്നില്‍ ചുവന്ന ചെവിപോലെയുള്ള തടിപ്പ്. പാലക്കാട് കോട്ടയുടെ കിടങ്ങില്‍ നിറഞ്ഞുകിടക്കുന്ന ആമകളെ കാണുന്ന ആര്‍ക്കും ഒരെണ്ണത്തിനെ വളര്‍ത്താന്‍ തോന്നുക സ്വാഭാവികം. കണ്ടാല്‍ അരുമകളാണെന്ന് തോന്നുമെങ്കിലും നമ്മുടെ ജലാശയങ്ങളിലെയും കുളങ്ങളിലെയും ആവാസ വ്യവസ്ഥയെ നശിപ്പിക്കാന്‍ ശേഷിയുള്ള ചെഞ്ചെവിയന്‍ ആമയാണിത്.
അധിനിവേശ ജീവികളില്‍പ്പെട്ട അപകടകാരിയായ ആമയാണ് ചെഞ്ചെവിയന്‍ അഥവാ റെഡ് ഇയോര്‍ഡ് സ്ലൈഡര്‍ ടര്‍ട്ടില്‍. പാലക്കാട് കോട്ടയിലെ കിടങ്ങിലാണ് ഇവ പെരുകുന്നത്. ഇവ കോട്ടയ്ക്കുള്ളില്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ചെഞ്ചെവിയന്‍ ആമയെ വളര്‍ത്തിയിരുന്ന ആരെങ്കിലും ഇവയെ കോട്ടയ്ക്കകത്തെ കിടങ്ങില്‍ ഉപേക്ഷിച്ചതാവാനാണ് സാധ്യത. അധിനിവേശ ജീവികളെ കൈകാര്യം ചെയ്യുന്ന പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തില്‍ കെണിയൊരുക്കി ആമകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കോട്ടയിലെ കിടങ്ങിന്റെ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ ആമകള്‍ എന്തെല്ലാം നാശം വരുത്തിയിട്ടുണ്ടെന്നും വിശദമായ പഠനം നടത്തും.
കൗതുകത്തിന് വളര്‍ത്തി, ജലാശയങ്ങള്‍ക്ക് ഭീഷണിയായി ട്രക്കിമിസ് സ്ക്രിപ്റ്റ എലഗന്‍സ് എന്ന ശാസ്ത്രനാമത്തിലുള്ള ചെഞ്ചെവിയന്‍ ആമ മെക്സിക്കോ ഇനമാണ്. അരുമയായി വളര്‍ത്തുന്നതിനാണ് ഇവയെ മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തിച്ചത്. കൗതുകം കഴിയുന്നതോടെ ഇവയെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് നമ്മുടെ കുളങ്ങളിലും തോടുകളിലും ഇവയെ കണ്ടെത്താന്‍ കാരണം. നാടന്‍ ആമകളെക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ഇവ അതിവേഗം വളരുന്നതും ഉപേക്ഷിക്കാന്‍ കാരണമായി. പ്രളയസമയത്ത് ചിലത് രക്ഷപ്പെട്ട് ജലാശയങ്ങളില്‍ എത്തി. സാല്‍മൊണെല്ല ബാക്ടീരിയയെ വഹിക്കുന്ന ആമകള്‍ കുട്ടികളിലും ഗര്‍ഭിണികളിലും ഹ്യൂമന്‍ സാല്‍മൊണെല്ലോസിസ് എന്ന രോഗത്തിനിടയാക്കും.