കോന്നി : അനുവാദമില്ലാതെ ചക്ക പറിച്ചത് ചോദ്യം ചെയ്തതിന് വൃദ്ധനെ മർദിച്ച് അവശനാക്കി. തണ്ണിത്തോട് പോലീസില്‍ കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തണ്ണിത്തോട് മൂഴി പാലനിൽക്കുന്നതിൽ വീട്ടിൽ രാജീവ് (42), പുതുപ്പറമ്പിൽ ലിജോ(28) എന്നിവരെയാണ് റിമാൻഡ് ചെയ്‍തത്. തേക്കുമല വീട്ടിൽ കുഞ്ഞുമോനെ (70) ആണ് സംഭവത്തിൽ പ്രതികൾ മർദിച്ചത്. കുഞ്ഞുമോൻ പാട്ടത്തിന് എടുത്ത് കൃഷി ചെയ്തുവന്നിരുന്ന ഭൂമിയിലെ പ്ലാവിൽ നിന്നും അനുവാദം ചോദിക്കാതെ രാജീവും ലിജോയും ചേർന്ന് ചക്ക പറിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതിനാണ് വൃദ്ധനെ മർദിച്ചത്. കൃഷിയിടത്തിലെ കാവൽ പുരയിൽ കിടന്നിരുന്ന കുഞ്ഞുമോനെ പ്രതികൾ രാത്രിയിൽ സ്ഥലത്ത് എത്തി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു എന്നാണ് കുഞ്ഞുമോൻ പോലീസിന് മൊഴി നൽകിയത്. സംഭവത്തിൽ കുഞ്ഞുമോന്റെ വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും നട്ടെലിന് ക്ഷതമേൽക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നതിനിടെ ആണ് പ്രതികൾ തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.