മധുര : സഹപാഠികളുടെ മുന്നില്‍ വെച്ച് അധ്യാപകന്‍ അധിക്ഷേപിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തതില്‍ മനം നൊന്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. മുസ്ലീം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കവിതയെയാണ് എലിവിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ സഹപാഠികളുടെ മുന്നില്‍ വച്ച് അധ്യാപിക സംഷാദ് നിഷ പെണ്‍കുട്ടിയെ അധിക്ഷേപിച്ചതായി പറയപ്പെടുന്നു.
പരസ്യമായി അപമാനിക്കപ്പെട്ടതിന് ശേഷം കവിത അസ്വസ്ഥയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും ദീപാവലി അവധിക്ക് ശേഷം സ്കൂള്‍ തുറന്നാല്‍ ടീച്ചറുമായി സംസാരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു . എന്നാല്‍ മനോവിഷമം താങ്ങാനാകാതെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കവിത എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മുസ്ലീം സ്കൂളാണ് മസ്ജിദ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഇളയങ്കുടി മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ഭയന്ന് പ്രാദേശിക ജമാഅത്തുകള്‍ വിഷയത്തില്‍ നടപടിയെടുക്കരുതെന്ന് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കവിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു.