തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചുള്ള ക്രമീകരണം തിങ്കളാഴ്ച നിലവില്‍വരും.
പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴ് ക്ലാസുകളും പത്തിന് അഞ്ച് ക്ലാസുകളും ഉണ്ടാകും. പ്ലസ്ടുവിന് നിലവിലുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം നാല് മുതല്‍ ആറ് വരെ നാല് ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്.
എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരുന്നില്ല. പ്ലസ് വണ്ണിന് നിലവിലുള്ളപോലെ രാവിലെ 11 മുതല്‍ 12 വരെ രണ്ട് ക്ലാസുകളുണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11 വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം മൂന്ന് മുതല്‍ നാല് വരെ രണ്ട് ക്ലാസുകള്‍കൂടി അധികമായി സംപ്രേഷണം ചെയ്യും. ഓരോ ദിവസത്തെ ടൈംടേബിളും ക്ലാസുകളും www.firstbell.kite.kerala.gov.in-ല്‍ ലഭ്യമാണ്.