തിരുവനന്തപുരം : എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനായി 7 ജില്ലകളിലാണ് മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവുണ്ടാകും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവുണ്ടാകും. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പിലാക്കും.
കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല. മാർജിനൽ സീറ്റ് വർദ്ധനവിലൂടെ 64,040 സീറ്റുകൾ ലഭിക്കും. താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ 17,290 ആയിരിക്കും.