ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ ബംഗാള്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. മാല്‍ഡ, മുര്‍ഷിദാബാദ്, കൊല്‍ക്കത്ത, ബോല്‍പുര്‍ എന്നിവിടങ്ങളിലാണ് നാളെ പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് 500ല്‍ താഴെ മാത്രം ആളുകള്‍ പങ്കെടുക്കുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. വോട്ടെടുപ്പ് രണ്ട് ഘട്ടം കൂടി അവശേഷിക്കുന്നുണ്ട്. ഉന്നതതല യോഗത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഡല്‍ഹിയില്‍ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
കോവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുമെന്നും അതിനാല്‍ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. നാലിടത്തെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓക്‌സിജന്‍ ഉല്‍പാദനവും വിതരണവും എത്രയും പെട്ടന്ന് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. ഉല്‍പാദനം 3300 മെട്രിക് ടണ്‍ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഒരു ദിവസം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളുമായി ലോകത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയില്‍ ഇന്ത്യ. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3,14,835 കേസുകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം രണ്ടായിരം കടന്നു. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഈ വര്‍ഷം ജനുവരി എട്ടിന് അമേരിക്കയില്‍ സ്ഥിരീകരിച്ച 3,07,581 കേസുകളായിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന. ആശങ്ക ഉയര്‍ത്തി ഈ റെക്കോഡ് ആണ് ഇന്ത്യ ഇന്ന് മറികടന്നത്. ഒരു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷം കേസുകളിലേക്ക് എത്താന്‍ അമേരിക്കയയ്ക്ക് 65 ദിവസം വേണ്ടിവന്നെങ്കില്‍ ഇന്ത്യ 17 ദിവസം കൊണ്ടാണ് ആ കുതിപ്പ് നടത്തിയത്. ഈ മാസം നാലിനാണ് ഇന്ത്യയിലാദ്യമായി ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗവ്യാപനത്തില്‍ നാലിരട്ടിയാണ് പ്രതിദിന വര്‍ധന. 2,104 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,84,657 ആയി.
24 മണിക്കൂറിനിടെ 1,78,841 പേര്‍ക്ക് രോഗം ഭേദമായി. ചികില്‍സയിലുള്ളവരുടെ എണ്ണം 22,91,428 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടകാ കേരളം അടക്കം 17 സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ഹരിയാനയിലെ ഗുരുഗ്രാമില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സീതാറാം യച്ചൂരിയുടെ മകന്‍ ആശിഷ് യച്ചൂരി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 35 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ആശിഷിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അനുശോചിച്ചു.