കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോൺഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. ആലുവയിൽ കോൺഗ്രസ് സമരാഗ്നി യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ നേട്ടങ്ങളെ പറ്റി പറയാൻ ഇല്ലെന്നും ക്ഷേത്രങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വർഗീയതക്ക് എതിരെയാണ് കോൺഗ്രസിന്റെ പോരാട്ടമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ പോലും കാണാത്ത ധിക്കാരമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിമര്‍ശിച്ചു. സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നിർത്തിയ സർക്കാർ ആണിത്. കോൺഗ്രസ് പ്രവർത്തകർ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് തയ്യാറാവണമെന്നും കെ.പി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. യാത്രയിൽ ഇന്ന് പങ്കെടുത്ത കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ.ജെ ജോര്‍ജ്ജ് ഭാരത് അരിയെ രൂക്ഷമായി വിമര്‍ശിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലേലത്തിൽ വെച്ചപ്പോൾ ആരും വാങ്ങാതിരുന്ന അരിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ പൂത്ത് കിടക്കുകയായിരുന്ന അരിയാണിത്. കർണാടക സര്‍ക്കാര്‍ പണം നൽകി വാങ്ങാൻ തയ്യാറായിട്ടും അന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അരി തന്നില്ലെന്നും കെ.ജെ ജോർജ് പറഞ്ഞു.