ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാവിക-വ്യോമസേനകളടക്കം സജ്ജമായിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ഡോവൽ ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിവരിക്കുന്നത്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായും സേനാമേധാവികളുമായും കഴിഞ്ഞദിവസങ്ങളിൽ നടത്തിയ കൂടിക്കാഴ്ചകളുടെ തുടർച്ചയായി പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയേയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കണ്ടത്.
സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. ഏഴാംതീയതി മോക്ഡ്രിൽ നടത്താനാണ് നിർദേശം. അതിർത്തിയോടുചേർന്നുള്ള സംസ്ഥാനങ്ങളോടാണ് പ്രധാനമായും മോക്ഡ്രിൽ നടത്താൻ നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിലാണ് മോക്‌ഡ്രിൽ.പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കവേ, പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഇതിൻറെ ഭാഗമായാണ് മോക് ഡ്രിൽ നടത്തുന്നത്. 1971-ലെ പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ.