ഡല്‍ഹി: ജനപ്രിയ ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്. യുഎസ് ആസ്ഥാനമായ ബിസിനസ് ഇന്റലിജന്‍സ് കമ്പനി മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വെയില്‍ 76 ശതമാനം വോട്ടുകള്‍ നേടിയാണ് മോദി ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയ സര്‍വെയിലും 13 ലോക നേതാക്കളില്‍ ഒന്നാമത് മോദി ആയിരുന്നു. ഏറ്റവും പ്രിയപ്പെട്ടതും ആരാധിക്കപ്പെടുന്നതുമായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് സര്‍വെ ഫലം പങ്കുവച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് സര്‍വെ മാര്‍ച്ച് 22 മുതല്‍ 28 വരെയാണ് മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയത്.
61 ശതമാനം വോട്ട് നേടിയ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് 22 ആഗോള നേതാക്കളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് 55 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തും, 53 ശതമാനം വോട്ടുമായി സ്വിസ് പ്രസിഡന്റ് അലൈന്‍ ബാര്സെറ്റ് നാലാം സ്ഥാനത്തുമാണ്. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയും 49 ശതമാനം വോട്ടുകളുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് 41 ശതമാനം വോട്ടുകളുമായി ഏഴാം സ്ഥാനത്തും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് 34 ശതമാനം വോട്ടുകള്‍ നേടി 13ാം സ്ഥാനത്തുമാണ്. 19 ശതമാനം വോട്ടുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്യോള്‍ ആണ് 22 നേതാക്കളുടെ പട്ടികയില്‍ അവസാനത്തേത്.