ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ കുത്തിവെപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്‌സിനുകളുടെ അന്‍പത് ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊതു വിപണിയില്‍ മുന്‍ നിശ്ചയിച്ച വിലയ്ക്ക് വാക്സിന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് അധിക വാക്സിന്‍ ഡോസുകള്‍ വാങ്ങാനും കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് സൂചന.