ന്യൂഡല്‍ഹി : ഇന്ത്യ ആദ്യമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ രണ്ടിന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ കൊച്ചി സേനാ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും. തദ്ദേശീയമായി വിമാനവാഹിനി നിര്‍മിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.
റേഡിയോ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള രണ്ട് ഉപകരണങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സാമഗ്രികളും വിക്രാന്തില്‍ ഘടിപ്പിച്ചു. അഞ്ചാംവട്ട സമുദ്ര പരീക്ഷണത്തിനു ശേഷം നാവികസേന നിര്‍ദേശിച്ച മാറ്റങ്ങളും വരുത്തിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു. കപ്പല്‍ശാലയുടെ ഈ അഭിമാനനേട്ടത്തിന് സാക്ഷിയാകാന്‍ ചടങ്ങിലേക്ക് മുന്‍ ചെയര്‍മാന്മാരെയും ക്ഷണിച്ചിട്ടുണ്ട്.