കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയില്‍ എത്തും. വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയുടെ ഭാഗമായി ഇന്ന് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് സമീപത്തെ റോഡിലിറങ്ങി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കനത്ത സുരക്ഷയ്ക്കിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പിഎച്ചിന്റെ പ്രതിഷേധം. മോദി ഗോബാക്ക് എന്ന്് വിളിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.