ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ബജ്റങ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്റെ നാട്ടില്‍ ആദരവ് അര്‍പ്പിക്കാനായി താന്‍ എത്തിയപ്പോള്‍ ‘ജയ് ബജ്റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ഈ രാജ്യത്തിന്റെ പൈതൃകത്തില്‍ കോണ്‍ഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ലെന്നു മോദി പറഞ്ഞു. ‘കോണ്‍ഗ്രസ് ഇവിടെ ജയിച്ചാല്‍ പിഎഫ്‌ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. സാധാരണക്കാരുടെ വിശ്വാസം കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പരമേശ്വരാജി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാംഗ്ലൂരില്‍ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി ഇന്നലെ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.