ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചതെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ അനുഭവിക്കേണ്ടി വരുന്ന വേദനയും ബുദ്ധിമുട്ടുകളും ഞാന്‍ മനസ്സിലാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു.
കൊറോണയ്‌ക്കെതിരെ രാജ്യം വന്‍പോരാട്ടമാണ് നടത്തുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്ഥിതിഗതികള്‍ സാധാരണനിലയിലായപ്പോഴാണ് കൊറോണയുടെ രണ്ടാം തരംഗത്തിന്റെ വരവ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓക്‌സിജന്റെ ആവശ്യം വര്‍ദ്ധിച്ചുവരികയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലയും ആവശ്യക്കാര്‍ക്കെല്ലാം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനായി അനവധി നടപടികള്‍ സ്വീകരിച്ചുവരുന്നു. വെല്ലുവിളി വലുതാണെങ്കിലും നമ്മുടെ ഇച്ഛാശക്തിയോടെയും തന്റേടത്തോടെയും തയ്യാറെടുപ്പോടെയും അതിനെ അതിജീവിക്കണം – പ്രധാനമന്ത്രി പറഞ്ഞു.
രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്. വാക്‌സീന്‍ വിതരണത്തില്‍ പാളിച്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.