ഡല്‍ഹി : ആരെയും തഴയില്ലെന്നും എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
വാക്‌സിന്‍ ലഭ്യമാകുമ്പോള്‍, എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ആരെയും മാറ്റിനിര്‍ത്തില്ല. എല്ലാവര്‍ക്കും കുത്തിവെയ്പ്പ് നല്‍കും. തീര്‍ച്ചയായും കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികള്‍ക്ക് മുന്‍ഗണന നല്‍കിയേക്കാം. വാക്‌സിന്‍ എങ്ങിനെ വിതരണം ചെയ്യാമെന്ന് തീരുമാനിക്കാന്‍ ദേശീയ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതിയെക്കുറിച്ചും മോദി വിശദീകരിച്ചു. 28,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ കോവിഡ് 19 വാക്‌സിനുകള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. എല്ലാവരിലേക്കും വാക്‌സിന്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും, പ്രധാനമന്ത്രി പറഞ്ഞു.