മലപ്പുറം : ലിംഗ സമത്വ പാഠ്യപദ്ധതി കരടില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിദ്യാഭ്യാസ മേഖലയിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ ഇതുപോലെ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്തുന്നതും ധാര്‍മികത നഷ്ടപ്പെടുത്തുന്നതുമായ തീരുമാനങ്ങളുമായി വരുമ്പോള്‍ പിന്‍വലിക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണെന്നും അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ സമൂഹ മധ്യത്തില്‍ അപഹാസ്യരായി തീരുമാനങ്ങള്‍ പിന്‍വലിക്കേണ്ടി വന്ന ഘട്ടങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കാര്യങ്ങളുമായി വരുമ്ബോള്‍ ചിന്തയും സമൂഹത്തിലെ മറ്റുള്ളവരുമായി ചര്‍ച്ചയും പതിവാണ്. ഇടതുമുന്നണിക്ക് എല്ലാ കാലത്തും നഷ്ടപ്പെടുന്നത് അതാണ്. അവരുടെ ചില താല്‍പര്യക്കാര്‍ പറയുന്നതിനനുസരിച്ച് ഓരോ വകുപ്പിലും കാര്യങ്ങള്‍ നടക്കുകയാണ്. എവിടെനിന്നാണ് ഇത് വരുന്നതെന്ന് അറിയില്ല. അവസാനം വഷളായി, സമൂഹ മധ്യത്തില്‍ അപഹാസ്യരായി പിന്‍വലിക്കേണ്ടി വന്ന ഘട്ടങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരം പരിഷ്കാരങ്ങള്‍ പതിവാണ്. നേരത്തെ അറബി ഭാഷക്കെതിരെയുണ്ടായ സമരം നമുക്കറിയാം.
അതിനു ശേഷം മതമില്ലാത്ത ജീവനുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായി. ഇതൊക്കെ ഒരു ആലോചനയോ ചര്‍ച്ചയോ ഇല്ലാതെ കൊണ്ടുവരുന്നതിന്റെ പ്രതിഫലനമാണ്. ഒരു കാര്യവുമില്ലാതെ സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാകുക, ജനങ്ങളുടെ എതിര്‍പ്പ് ചോദിച്ചുവാങ്ങുക എന്നത് ഇടതുമുന്നണിയുടെ സ്വഭാവമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വേറെ നിരവധി പ്രശ്നങ്ങളുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം അമ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ അലയുകയാണ്.
അത്തരം സങ്കീര്‍ണമായ, ജനങ്ങളെ ബാധിക്കുന്ന, കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിയെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ട് അതിനെ അഡ്രസ് ചെയ്യാന്‍ നില്‍ക്കാതെ ഇതുപോലെ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്തുന്നതും ധാര്‍മികതയെ നഷ്ടപ്പെടുത്തുന്നതുമായ തീരുമാനങ്ങളുമായി വരുമ്ബോള്‍ പിന്‍വലിക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്” അദ്ദേഹം പറഞ്ഞു.