കോഴിക്കോട് : ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ചന്ദ്രികയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ മുഈന്‍ അലി തങ്ങളെ പിതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നതായി സലാം പറഞ്ഞു.
ഇതിന്‍റെ കാലാവധി ഏപ്രില്‍ അഞ്ചിന് അവസാനിച്ചെന്നും പി.എം.എ സലാം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന കത്ത് രഹസ്യരേഖയോ ഇന്ന് ഏതെങ്കിലും ഡോക്ടര്‍മാര്‍ പുനര്‍ ഗവേഷണം നടത്തി കണ്ടെടുത്തതോ ആയ അതി രഹസ്യ സ്വഭാവമുള്ള ഒരു ഡോക്കുമെന്‍റൊന്നുമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ബഹുമാന്യനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ മാര്‍ച്ച് മാസം 3ാം തിയ്യതി ചന്ദ്രികയിലെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി മുഈന്‍ അലി ശിഹാബ് തങ്ങളെ ഒരു മാസത്തേക്ക് ഉത്തരവാദിത്വപ്പെടുത്തിയിരുന്നു എന്ന വിവരമടങ്ങുന്ന കത്തും ഉയര്‍ത്തിപ്പിടിച്ച് ഏതോ നിധി കിട്ടിയ സന്തോഷത്തില്‍ പരിസരം മറന്ന് ആനന്ദിക്കുന്നവരോട്.
ഇതൊരു രഹസ്യരേഖയോ ഇന്നു ഏതെങ്കിലും ഡോക്ടര്‍മാര്‍ പുനര്‍ ഗവേഷണം നടത്തി കണ്ടെടുത്തതോ ആയ അതി രഹസ്യ സ്വഭാവമുള്ള ഒരു ഡോക്കുമെന്‍റൊന്നുമല്ല എന്ന് പ്രത്യേകം ഉണര്‍ത്തുന്നു. ആദ്യം കത്തിലെ തിയ്യതി വായിക്കുക. 05-03-21
“ചന്ദ്രികാ മാനേജ്മെന്‍റ് പ്രതിനിധികളോടടക്കം കൂടിയാലോചന നടത്തി ഒരു മാസത്തിനകം ബാധ്യതകള്‍ തീര്‍ക്കണം” എന്നാണ് കത്തിലെ ഉളളടക്കമെന്ന് മനസ്സിലാക്കാന്‍ സ്പെഷ്യല്‍ ഡോക്ടറേറ്റ് ഒന്നും വേണ്ടാ..
അതായത് ജീവനക്കാരുടെ ശമ്ബള കുടിശികയും മറ്റ് ആനുകൂല്യങ്ങളും,വിവിധ ദൈനംദിന ചെലവുകള്‍ തുടങ്ങി ഒരു മാധ്യമസ്ഥാപനം നടത്തികൊണ്ട് പോകാന്‍ വരുന്ന ഭീമമായ ചെലവുകളില്‍ വന്ന ബാധ്യത തീര്‍ക്കാന്‍ ഒരു മാസം സമയം നല്‍കി കൊണ്ടുളള കത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയത്. ഏപ്രില്‍ 5 ന് ഒരു മാസം പൂര്‍ത്തിയായി എന്ന് സാരം.ചന്ദ്രികയുടെ മാനേജ്മെന്‍റ് അംഗങ്ങളുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ബഹുമാനപ്പെട്ട തങ്ങള്‍ കത്തില്‍ വ്യക്തമായ നിര്‍ദ്ധേശിക്കുന്നതും അക്ഷരാഭ്യാസമുളളവര്‍ക്ക് വായിക്കാം.
കുറച്ച് കാലമായി പാണക്കാട് നിന്ന് റസീത് ഒന്നും വാങ്ങാത്തതിനാല്‍ ചിലര്‍ക്ക് ഈ കത്തിന്‍റെ ഉളളടക്കം മനസ്സിലാകാത്തതിന് ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ല. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായി മുന്‍ എം.എല്‍.എ അഡ്വഃ എം. ഉമ്മര്‍ സാഹിബിനെ കഴിഞ്ഞ മാസം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച രേഖകള്‍ കൂടി കണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.