കോഴിക്കോട്: എസ് കെ എസ് എസ് എഫ് അധ്യക്ഷൻ ഹമീദലി തങ്ങൾക്കെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് അനുനയ നീക്കവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണ്. ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്തയായി വന്നത്. തങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. ഹമീദലി തങ്ങളെ ഫോണിൽ ബന്ധപ്പെട്ടാണ് സലാം കാര്യങ്ങൾ വിശദീകരിച്ചത്. തങ്ങൾക്കെതിരായ പരാമർശത്തിൽ മുസ്ലിംലീഗിൽ നിന്നുൾപ്പെടെ സലാമിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് അനുനയത്തിനായി പിഎംഎ സലാം മുന്നിട്ടിറങ്ങിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ് കെ എസ് എസ് എഫിന്റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്നതായിരുന്നു സലാമിന്റെ പരാമർശം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സലാമിന്റെ പരാമർശം. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. പി എം എ സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.