പത്തനംതിട്ട: ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയോട് ലൈംഗികാവയവ പ്രദർശനം നടത്തുകയും തുടർന്ന് ലൈംഗികാതിക്രമം കാട്ടുകയും ചെയ്തതിന് അടൂർ ഏറത്ത് വയലാ പുലിമലയിൽ അരുണാലയം വീട്ടിൽ തുളസിയെ (50) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ 13 വർഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് 354 A പോക്സോ ആക്ട് വകുപ്പുകൾ 8, 10 എന്നിവ പ്രകാരമാണ് ശിക്ഷ.
പ്രതിയുടെ മകളുടെ ട്യൂഷൻ വിദ്യാർത്ഥിനിയായ പെൺകുട്ടി ട്യൂഷൻ പഠനത്തിനായി പ്രതിയുടെ വീട്ടിൽ എത്തിയ വേളയിൽ മറ്റാരും തന്നെ ഇല്ലാതിരുന്ന അവസരത്തിലാണ് പ്രതി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടി ട്യൂഷന് പോകാൻ തയ്യാറാകാതെ വന്നത് ചോദ്യം ചെയ്തതാണ് സംഭവം അറിയുവാൻ കാരണമായത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തിയത് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ഗോപകുമാറാണ്.