പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗിക വേഴ്ച നടത്തിയതിന് ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ കോടതി 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2016 ഒക്ടോബര്‍ മാസമാണ് സംഭവം. 16 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുരമ്പാലയിലുള്ള കുടുംബ വീട്ടില്‍ അമ്മൂമ്മയുടെ സംരക്ഷണയില്‍ ആയിരുന്നു പെണ്‍കുട്ടി.
പെണ്‍കുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂര്‍ വെണ്മണിയിലുള്ള വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ വിവരം രക്ഷകര്‍ത്താവായ അമ്മൂമ്മ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയെ പന്തളം പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പ്രതിയായ ജിജോയെ പന്തളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിനെട്ട് സാക്ഷികള്‍ ഉണ്ടായിരുന്ന കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഐ.പി.സി 376, പോക്സോ 4 എന്നീ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷത്തെ കഠിന തടവും അന്‍പതിനായിരം രൂപ പിഴയും, ഐ.പി.സി. 363, 366 എന്നീ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. 363, 366 എന്നീ വകുപ്പുകള്‍ പ്രകാരമുളള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് ജയകുമാര്‍ ജോണാണ് വിധി പ്രസ്താവിച്ചത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായ കേസില്‍ പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍. സുരേഷാണ് അന്വേഷണം നടത്തിയത്.