തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 8000 ല്‍ അധികം പോക്സോ കേസുകളെന്ന് റിപ്പോര്‍ട്ട്. പോക്‌സോ നിയമപ്രകാരമുള്ള കേസുകളില്‍ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാന്‍ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ ഉണ്ടായിട്ടും 8506 കേസുകളാണ് പല കോടതികളിലായി തീര്‍പ്പാക്കാതെ കിടക്കുന്നത്. 2023 ജൂലൈ 31 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ കാലതാമസം എടുക്കുന്നതിന്റെ പ്രധാന കാരണവും ഇതാണെന്നാണ് വിലയിരുത്തല്‍.
ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ നല്‍കാനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുമുള്ള കാലതാമസമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അധികവും തിരുവനന്തപുരത്തെ കോടതികളിലാണ്. 1,384 കേസുകളാണ് തലസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. എറണാകുളത്തെ കോടതികളില്‍ 1,147 കേസുകളും കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ നല്‍കാനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുമുള്ള കാലതാമസമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് കാലതാമസം മൂലം ഇരകള്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങളിലേക്കും നയിക്കുന്നതായി അവര്‍ പറയുന്നു.