തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ആരംഭിക്കുന്ന 28 പോക്സോ കോടതികളില്‍ ഒന്ന് ആറ്റിങ്ങലില്‍ ആരംഭിക്കാന്‍ നിര്‍ദേശം. ആറ്റിങ്ങല്‍ കോടതി വളപ്പിനുള്ളില്‍ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
ജില്ലയില്‍ തിരുവനന്തപുരം , നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് പോക്സോ കോടതികള്‍ തുടങ്ങുന്നത്. കോടതിയുടെ പ്രവര്‍ത്തനങ്ങളുടെ 60% കേന്ദ്ര വിഹിതവും 40%സംസ്ഥാന വിഹിതവും ആയിരിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാണ് നീക്കം. കോടതി ഉടന്‍ ആരംഭിക്കാവുന്ന വിധത്തില്‍ ഹാള്‍ വിട്ടുകൊടുക്കാമെന്ന് ബാര്‍ അസോസിയേഷന്‍ സമ്മതമറിയിച്ചിട്ടുണ്ടന്ന് ബി സത്യന്‍ എം.എല്‍.എ പറഞ്ഞു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കോടതികള്‍ തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് സാമൂഹ്യനീതി വകുപ്പാണ്. രാജ്യത്താകെ പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് സംസ്ഥാനങ്ങളോട് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.