കൊച്ചി: ആലുവയില്‍ കൊല ചെയ്യപ്പെട്ട അഞ്ച് വയസ്സുകാരിയുടെ ചിത്രം പ്രചരിപ്പിക്കരുതെന്ന് പോക്സോ കോടതി. പ്രചരിപ്പിച്ച ചിത്രം നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയുടെ മുഖം പ്രദര്‍ശിപ്പിച്ച ശേഷം തിരിച്ചറിയല്‍ പരേഡ് എന്തിനു എന്നും കോടതി ചോദിച്ചു. ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം ദില്ലിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ്. ദില്ലി ഗാസിപൂരിലെ പോക്‌സോ കേസില്‍ ഒരുമാസം തടവില്‍ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ആലുവ സബ് ജയിലില്‍ കഴിയുന്ന പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് ഇന്ന് പൂര്‍ത്തിയായി. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ കൊടും ക്രിമിനല്‍ ആണ് അസഫാക് ആലം എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ദില്ലി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും പ്രതിയായിട്ടുണ്ട്.