ചെങ്ങന്നൂര്‍ : സൂര്യകവിതകൾ എഴുതി ശ്രദ്ധേയനായ കവി കെ.എസ് ജയദേവന് (51) അമേരിക്ക കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇന്റർനാഷണൽ തമിഴ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്ടിൽ നിന്നും പത്ത് വർഷം മുമ്പ് ചെങ്ങന്നൂർ വെണ്മണിയിലെ കൊച്ചു നെടുമ്പുറത്തു വീട്ടിൽ സ്ഥിര താമസമാക്കിയ കവി ജയദേവൻ എഴുതിയ സൂര്യ കവിതകളുടെ രചനാ മികവിനു ലഭിച്ച അംഗീകാരമാണ് ഇപ്പോൾ ലഭിച്ച ഓണററി ഡോക്ടറേറ്റ്.
സൂര്യനെ കേന്ദ്ര ബിന്ദുവാക്കി മൂവായിരത്തോളം കവിതകൾ എഴുതി, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ജയദേവൻ ഇതിനകം നിരവധി പുരസ്കാരങ്ങളടക്കം ‘ലോകറെക്കോർഡ് ‘ നേടിയ പശ്ചാത്തലത്തിലാണ് ഓണററി ഡോക്ടറേറ്റിന് ജയദേവനെ പരിഗണിച്ചതെന്ന് തമിഴ് സർവകലാശാലാ അധികൃതർ അറിയിച്ചു. ചെന്നൈയിൽ നടന്ന സമ്മേളനത്തിൽ സർവകലാശാലാ വൈസ് ചാൻസിലർ ഡോ.എസ് സെന്തിൽ കുമാർ സർട്ടിഫിക്കറ്റ് ജയദേവന് കൈമാറി. അടുത്തിടെയാണ് യൂനിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡ് ലഭിച്ചത്. എല്ലാ ദിവസവും ഉദയത്തിന് മുമ്പ് വൃത്തവും പ്രാസവും നോക്കി കവിതയെഴുതാൻ തുടങ്ങിയിട്ട് വർഷം പത്തു കഴിഞ്ഞു. ഇന്നും എഴുത്തു തുടരുന്നു.
ഒരേ വിഷയത്തിൽ ഇത്രയും കവിത മറ്റാരും എഴുതിയിട്ടില്ലാത്തതിനാലാണ് ‘യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ‘ ലോക റെക്കോഡ് സർട്ടിഫിക്കറ്റ് ജയദേവനെത്തേടിയെത്തിയത്. വർഷങ്ങൾക്കു മുമ്പ് ദുബായിൽ ജോലി ചെയ്യുമ്പോൾ സിനിമാ തിരക്കഥാകൃത്ത് ഡോ.ഇക്ബാൽ കുറ്റിപ്പുറവുമായുള്ള പരിയപ്പെടലാണ് എഴുത്തിലേക്ക് കടക്കാൻ നിമിത്തമായത്. സൂര്യനെക്കുറിച്ച് മുപ്പതു മണിക്കൂറിലേറെ തുടർച്ചയായി ചൊല്ലാനുള്ള കവിതകൾ ഇപ്പോൾ ജയദേവന്റെ പക്കലുണ്ട്. ഇത് ലോക ഗിന്നസ് റെക്കോഡിനായി സമർപ്പിച്ചിരിക്കുകയാണ്.
നേരത്തേ കവിതകൾ എഴുതിയിരുന്നെങ്കിലും 2015 ജനുവരി മുതൽ എഴുതിയ കവിതകളാണ് ‘യൂണിവേഴ്സൽ റെക്കോഡി’ നു പരിഗണിച്ചത്. എന്നും പുലർച്ചെ മൂന്നരയ്ക്ക് ഉണർന്നെഴുന്നേറ്റ് കവിത എഴുതാൻ തുടങ്ങും. പൂർത്തിയായാൽ ഉടൻ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതാണു രീതി. ജയദേവന്റെ നിരവധി രചനകൾ ഇതിനകം പ്രമുഖ പത്ര, മാസികകളിലും അച്ചടിച്ചു വന്നിട്ടുണ്ട്. ഇതുവരെ പൂർത്തിയാക്കിയ സൂര്യ കവിതകൾ ഉൾപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണു ജയദേവൻ.