തിരുവനന്തപുരം : പോലീസ് അക്കാദമി വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്സ് ആണ് ഹാക്ക് ചെയ്തത്. നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രിഷേധിച്ചാണ് ഹാക്ക് ചെയ്തതെന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്.
നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അച്ഛന് കുഴിയെടുത്ത മകനെ തടയാന്‍ ശ്രമിച്ച പോലീസുകാരാണ് മോശമായി പെരുമാറിയത്. തന്റെ അച്ഛനെ നിങ്ങളാണ് കൊന്നതെന്നും അമ്മകൂടിയെ ഇനി മരിക്കാനുള്ളെന്നും മകന് പറയുമ്പോള്‍ ‘അതിനു ഞാന്‍ എന്ത് വേണം’ എന്നായിരുന്നു പോലീസുകാരന്റെ പ്രതികരണം. ഇതിനെതിരെ പോലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓരോ പോസ്റ്റിന് താഴെയും പ്രതിഷേധ കമന്റുകള്‍ കുമിഞ്ഞുകൂടി. ‘അതിനു ഞാന്‍ എന്ത് വേണം’ എന്ന് ചോദിച്ച പോലീസുകാരനെതിരെ പ്രതിഷേധ കുറിപ്പുകളും കാണാം.
ഇതാണോ പോലീസ് മാമന്റെ രീതി എന്നാണ് ഉയരുന്ന ചോദ്യം. ഇതിനൊപ്പം തീ കൊളുത്തി മരിക്കുന്ന ദമ്പതികളുടെ വിഡിയോയും അതിന് ശേഷം നാട്ടുകാര്‍ ഇരുവരെയും എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല എന്നതും ശ്രദ്ധേയം.