ഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പോലീസ് ഭേദഗതി നിയമത്തിനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായി ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്താനുമുള്ള തീരുമാനത്തിനെതിരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. അപകീര്‍ത്തികരരമെന്ന് പറയപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ നിയമം ഞെട്ടിക്കുന്നതാണെന്ന് ചിദംബരം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരവും ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതുുമായ പോസ്റ്റുകള്‍ നിര്‍മിക്കുകയോ പങ്കുവെയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ഉറപ്പാക്കുന്നതാണ് കേരള പോലീസ് ആക്ടില്‍ പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന 118-എ എന്ന വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിരുന്നു. പുതിയ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനും അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതിയ നിയമത്തെ വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമം നടക്കുകയാണ്. നിലവിലെ നിയമങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമാണ്. വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയണമെന്ന് തന്നെയാണ് അഭിപ്രായമെങ്കിലും പുതിയ വകുപ്പിന്റെ പരിധിയില്‍ മാധ്യമങ്ങളെ കൊണ്ടുവരുന്നത് സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ വരുന്നത് തടയാനാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
“സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഞെട്ടിക്കുന്നതാണ്”, ചിദംബരം ട്വീറ്റ് ചെയ്തു.
അതുപോലെ ബാര്‍ കോഴ കേസില്‍ ചെന്നിത്തലയ്ക്കും മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി കൊടുത്ത സര്‍ക്കാര്‍ തീരുമാനത്തിത്തൈയും ചിദംബരം വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സികള്‍ നാലു തവണ അന്വേഷണം അവസാനിപ്പിച്ച കേസിലാണ് ചെന്നിത്തലയെ കുടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം. ഇതും ഞെട്ടിക്കുന്നതാണെന്ന് ചിദംബരം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ചിദംബരത്തിന്റെ വിമര്‍ശനമുണ്ട്. എങ്ങനെയാണ് ഇത്തരത്തിലുള്ള നിഷ്ഠൂരമായ തീരുമാനങ്ങളെ തന്റെ ‘സുഹൃത്ത്’ യെച്ചൂരി ന്യായീകരിക്കുന്നതെന്നും ചിദംബരം ചോദിച്ചു.
മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പോലീസ് നിയമം ഭേദഗതി ചെയ്ത് പുതിയ സൈബര്‍ നിയമം കൊണ്ടുവന്ന തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്. ഇത് സുപ്രീംകോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു. ഈ നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.