കൊച്ചി: അയല്‍കൂട്ടമാഫിയ തട്ടിപ്പില്‍ കുടുംബശ്രീ എ.ഡി.എസ് എക്സിക്യൂട്ടീവ് അംഗത്തെ പ്രതി ചേര്‍ത്ത് പോലീസ്. മട്ടാഞ്ചേരിയിലെ ശ്രേയസ് കുടുംബശ്രീ യൂണിറ്റിന്‍റെ പേരില്‍ വായ്പ തട്ടിയെടുത്ത കേസിലാണ് എഡിഎസ് എക്സിക്യൂട്ട് അംഗം നസീമ ഉള്‍പ്പെടെ മൂന്ന് പേരെ പ്രതി ചേര്‍ത്തത്. മട്ടാഞ്ചേരി കേന്ദ്രീകരിച്ച് വിവിധ ബാങ്കുകളിലായി കോടികളുടെ തട്ടിപ്പാണ് കുടുംബശ്രീയുടെ പേരില്‍ നടന്നിട്ടുള്ളത്. മറ്റൊരു കേസില്‍ ഏജന്‍റുമാരായി പ്രവര്‍ത്തിച്ച നിഷ, ദീപ എന്നിവരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലും നസീമയുണ്ട് പങ്ക് അന്വേഷിക്കുകയാണ് പോലീസ്. അംഗങ്ങളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച് എട്ട് ലക്ഷം രൂപയാണ് സംഘം തട്ടിയത്. മട്ടാഞ്ചേരിയിലെ ശ്രേയസ് കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ വീട്ടമ്മമാരുടെ പരാതിയിലാണ് മട്ടാഞ്ചേരി പോലീസിന്‍റെ നടപടി. നസീമയ്ക്ക് പുറമെ യൂണിറ്റ് പ്രസിഡന്‍റ് ചിത്രാംഗി, സെക്രട്ടറി ഫാത്തിമ ബീവി എന്നിവര്‍ക്കെതിരെയും കേസെടുത്തു.
2017ല്‍ ഇടച്ചിറ യൂണിയന്‍ ബാങ്ക് ശാഖയില്‍ നിന്നാണ് എട്ട് ലക്ഷം രൂപ വായ്പയെടുത്തത്. യൂണിറ്റിലെ അംഗങ്ങള്‍ ഇക്കാര്യം അറിയുന്നത് രണ്ട് വര്‍ഷത്തിന് ശേഷം ബാങ്കില്‍നിന്ന് നോട്ടിസ് വന്നപ്പോള്‍ മാത്രം. തട്ടിപ്പ് പുറത്തായതോടെ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതാണെന്ന് സമ്മതിച്ച ചിത്രാംഗിയും ഫാത്തിമ ബീവിയും പണം ഉടന്‍ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞ് കരാറൊപ്പിട്ടു. ഈ കരാറില്‍ എഡിഎസ് എക്സിക്യൂട്ടിവ് അംഗമായ നസീമയും ഒപ്പിട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം പിന്നിടുമ്പോളും ബാങ്കിലെ മൂന്ന് ലക്ഷത്തിലേറെ വരുന്ന കുടിശിക അടച്ചിട്ടില്ല. ചിത്രാംഗി തമിഴ്നാട്ടിലേക്കും ഫാത്തിമ ബീവി വിദേശത്തേക്കും കടന്നു. കഴിഞ്ഞ ദിവസം ബാങ്ക് വീണ്ടും നോട്ടിസ് അയച്ചതോടെയാണ് ഇക്കാര്യം അംഗങ്ങള്‍ അറിയുന്നത്.