ചാത്തന്നൂര്‍ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇരുന്നൂറോളം പേര്‍ പങ്കെടുത്ത യോഗം നടത്തിയതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെയായിരുന്നു യോഗം ചേര്‍ന്നത്.
ഊറാംവിളയിലെ റോട്ടറി ക്ലബ് ഹാളിലായിരുന്നു യോഗം. എഴുപതോളം പേര്‍ക്കു മാത്രം പങ്കെടുക്കാവുന്ന ഹാളിലായിരുന്നു നേതാക്കള്‍ ഉള്‍പ്പെടെ ഒത്തുചേര്‍ന്നത്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു പങ്കെടുത്തവരിലേറെയും. നിരവധി കോവിഡ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പരവൂര്‍, കല്ലുവാതുക്കല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് യോഗത്തിനെത്തിയത്. സംസ്ഥാന സെക്രട്ടറി രാജീവ് പ്രസാദ്, ജില്ലാ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ശ്രീകുമാര്‍, സജന്‍ ലാല്‍ ഉല്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ചാത്തന്നൂര്‍ പോലീസ് കേസെടുത്തത്.