ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ കാണാന്‍ പ്രിയങ്ക ഗാന്ധിക്ക് അനുമതി. നേരത്തെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പോലീസ് തടഞ്ഞിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
ചൊവ്വാഴ്ചയാണ് ആഗ്രയില്‍ 25 ലക്ഷംരൂപ മോഷ്ടിച്ചെന്ന കേസില്‍ അരുണ്‍ വാത്മീകിയെന്ന ശുചീകരണ തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതോടെ പോലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാരോപിച്ച് മരിച്ചയാളുടെ കുടുംബം രംഗത്തെത്തി.
ഇയാളുടെ വീട്ടില്‍ സന്ദര്‍ശിക്കാനത്തിയ പ്രിയങ്ക ഗാന്ധിയെ തടയുകയും ഒരു കാരണവശാലും പ്രദേശത്തേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്നും യുപി പോലീസ് നിലപാടെടുക്കുകയുമായിരുന്നു. നേരത്തെ, ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴും പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞിരുന്നു.
ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വീണ്ടും പോലീസിന്റെ നടപടി. അനുമതി ലഭിച്ചതോടെ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ കാണാന്‍ പ്രിയങ്ക പുറപ്പെട്ടു. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെ നാല് പേര്‍ക്കാണ് യുപി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയത്.