ആലപ്പുഴ: വിവാഹസത്കാര വേദിക്കരികെ പോലീസ് സബ് ഇൻസ്പെക്ടറെയും കെഎസ്ആർടിസി ജീവനക്കാരനെയും മർദിച്ച കേസിൽ അഞ്ച് പേരെ പോലീസ് പിടികൂടി. കഞ്ഞിക്കുഴി കരുവേലി തയ്യിൽ അക്ഷയ് ദേവ് (25), മാരാരിക്കുളം തെക്ക് വലിയ പുന്നക്കാട്ട് ബിമൽ ബാബു (26), കഞ്ഞിക്കുഴി മീനച്ചലിൽ നന്ദു അജയ് (27), കഞ്ഞിക്കുഴി തോട്ടത്തുശ്ശേരിൽ സൗരവ് സാംബശിവൻ (24), കത്തിക്കുഴി ജോയ് ഭവനിൽ ഗോകുൽ (18) എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കാറിൽ വന്ന സംഘം ടൗണിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചുവെന്നും തുടർന്ന് വിവാഹ സത്കാര സ്ഥലത്തിനു സമീപം സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയിൽ വേഗതയിൽ കാർ ഓടിച്ചെത്തിയെന്നും പോലീസ് പറയുന്നു. ഇതു ചോദ്യം ചെയ്തതിനാണ് എസ്ഐ ഉൾപ്പെടെയുള്ളവരെ മർദിച്ചത്. മർദനമേറ്റ ചേർത്തല എസ്ഐ മുഹമ്മ പഞ്ചായത്ത് 13-ം വാർഡിൽ വടക്കേച്ചിറ വീട്ടിൽ ജെയിംസിന്‍റെ മകൻ ബിജുമോൻ, കെഎസ്ആർടിസി ജീവനക്കാരൻ മുഹമ്മ പഞ്ചായത്ത് ഏഴാംവാർഡിൽ മൂപ്പൻചിറ വീട്ടിൽ തങ്കപ്പന്റെ മകൻ ചിദാനന്ദൻ (55) എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുമോന്റെ കണ്ണിനു പരിക്കുണ്ട്. മുഹമ്മ എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്, എഎസ്ഐ ശ്യംകുമാർ, സിപിഒമാരായ സന്തോഷ്, രജിത്ത്, ആന്റണി അനീഷ്, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. കാറും പിടിച്ചെടുത്തു.