ചെന്നൈ: ഇൻസ്റ്റഗ്രാമിൽ തട്ടിപ്പിനിരയായ ബ്യൂട്ടി പാർലർ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഐവറി കോസ്റ്റ് സ്വദേശി അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവർക്ക് വില കൂടിയ സമ്മാനങ്ങൾ അയച്ച് തട്ടിപ്പു നടത്തുന്ന സംഘാംഗമായ മൂസയാണു ഡൽഹിയിൽ നിന്ന് അറസ്റ്റിലായത്. നമ്മാൾവാർപെട്ട് സ്വദേശിനിയായ അശ്വിനിയെ (21) കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2022 ഡിസംബറിൽ ഡൽഹിയിലെത്തിയ മൂസ ഇൻസ്റ്റഗ്രാം വഴി അശ്വിനിയുമായി പരിചയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ തുടർച്ചയായി നടത്തിയ വിവാഹ വാഗ്ദാനം അശ്വിനി തള്ളിയതിനെത്തുടർന്ന്, വില കൂടിയ സമ്മാനം അയച്ചതായി അറിയിക്കുകയായിരുന്നു.
പിന്നീട് ‘കസ്റ്റംസ് ഓഫിസർ’ എന്നു പരിചയപ്പെടുത്തിയ ആൾ വിളിച്ച്, സമ്മാനപ്പൊതിയിൽ വിദേശ കറൻസി ഉള്ളതായും തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ 45,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഇന്റർപോൾ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് 25,000 രൂപ കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെ അശ്വിനി ജീവനൊടുക്കി. അശ്വിനി പണം കൈമാറിയ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് സെക്രട്ടേറിയറ്റ് കോളനി പോലീസ് പറഞ്ഞു. പ്രതി ഡൽഹിയിലാണെന്നു സ്ഥിരീകരിച്ചതോടെ അവിടെയെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈയിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പോലീസ് പറഞ്ഞു.