തിരുവനന്തപുരം: ജില്ലയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയെ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരുമാതുറ ഒറ്റപ്പന തെരുവിൽ പുറമ്പോക്കിൽ മാഹിനാണ് (30) പിടിയിലായത്. കഴിഞ്ഞ കുറേനാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ ലഹരി വ്യാപാരം നടത്തിവന്നിരുന്നത്. കടലോര പ്രദേശങ്ങൾ ഒളിത്താവളങ്ങളായി തിരഞ്ഞെടുത്ത് ലഹരി വ്യാപാരം നടത്തിവന്ന ഇയാളെ ഏറെനാളത്തെ ശ്രമത്തിന് ശേഷമാണ് പിടികൂടാനായത്. കഴിഞ്ഞ ഏപ്രിലിൽ ചിറയിൻകീഴിൽ സിന്തറ്റിക്ക് ലഹരിമരുന്നുമായി ഒരാളെ പിടികൂടിയിരുന്നു. ഈ കേസിന്റെ വിശദമായ അന്വേഷണത്തിലാണ് പോലീസ് മാഹിനിലേക്കെത്തിയത്. ലഹരിക്കടത്തിന് രണ്ടുവർഷം മുമ്പ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി)യും മാഹിനെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ജയിൽമോചിതനായശേഷം ഇയാൾ വീണ്ടും ലഹരിവ്യാപാരം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊറിയർ സർവീസ് വഴിയാണ് പ്രതി ലഹരിക്കടത്ത് നടത്തിയിരുന്നത്. അതിമാരക ലഹരിമരുന്നുകളായ മെത്താഫിറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പ്, കൊക്കെയിൻ തുടങ്ങിയവ ഇയാളിൽനിന്ന് എൻസിബി പിടിച്ചെടുത്തിരുന്നതായും പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാൽ, ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ വി.എസ്. വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എഫ്.ഫയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.