കാസര്‍ഗോഡ് : മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗുമായി ഓടി രക്ഷപ്പെട്ടു. രാത്രി എട്ടരയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി സ്വദേശി അബ്ദുല്‍റൗഫിനെ (33) കാസര്‍ഗോഡ് എസ്ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. റൗഫിലിന്‍റെ പക്കല്‍ നിന്നും 1.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയകരമായ സാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിക്കാന്‍ വരുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ ഓടി രക്ഷെപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലിനു സാരമായി പരിക്കേറ്റ റൗഫിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഉപ്പള മണ്ണംകുഴി സ്വദേശി മുഹമ്മദ് നവാസാണ് ബാഗുമായി രക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്നും ഒരു കത്തി, ഏതാനും ബാങ്ക് രേഖകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇരുവരും നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പോലീസ് വ്യക്തമാക്കി.