തിരുവനന്തപുരം: സ്വന്തം അനിയനെ കൊലപ്പെടുത്തിയ ജേഷ്ടനെ പോലീസ് അറസ്റ്റ് ചെയ്തു. അതും അമ്മയുടെ സംശയത്തിന് പിന്നാലെ. തിരുവല്ലത്തിന് സമീപം വണ്ടിത്തടത്താണ് ക്രൂര കൊലപാതകം നടന്നത്. അനുജനെ മൂത്ത സഹോദരൻ കൊന്ന് കുഴിച്ചുമൂടി. പറയൻവിളാകത്ത് രാജിനെയാണ് സഹോദരൻ ബിനു അതിക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപത്തെ വേസ്റ്റ് കുഴിയിൽ കുഴിച്ചിട്ടത്. ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ തലക്കടിയേറ്റാണ് രാജ് കൊല്ലപ്പെട്ടത്. 35കാരനായ രാജിനെ കഴിഞ്ഞ മാസം 26 മുതൽ കാണാനില്ലായിരുന്നു. അമ്മ ബേബി പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകനെ തിരഞ്ഞ് അമ്മ ബന്ധുവീടുകളിൽ പോയെങ്കിലും അവിടെയും കണ്ടെത്താനായില്ല. അങ്ങനെയാണ് ഇന്നലെ രാവിലെ തിരുവല്ലം പോലീസ് സ്റ്റേഷനിൽ ബേബി എത്തുന്നത്. മകനെ കാണാനില്ലെന്നും കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി.
കെട്ടിടനിർമ്മാണ തൊഴിലാളിയായ രാജ് മദ്യപിച്ചെത്തിയാൽ ബിനുവുമായി വാക്കേറ്റവും കൈയാങ്കളിയും പതിവായിരുന്നു. സംഘർഷം പതിവായതോടെ അമ്മ ബേബി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. എങ്കിലും ബിനുവിനും രാജിനുമുള്ള ഭക്ഷണവുമായി അമ്മ ദിവസും വീട്ടിലേക്ക് എത്തും. കഴിഞ്ഞ മാസം 26നായിരുന്നു രാജിനെ അമ്മ അവസാന കാണുന്നത്. പിന്നീട് അമ്മ മകനെ കണ്ടില്ല. രാജ് എവിടെ എന്ന ചോദ്യത്തിന് പല കാരണങ്ങള്‍ പറഞ്ഞ് ബിനു ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് അമ്മ ബേബി തിരുവല്ലം പോലീസിനെ സമീപിച്ചത്.