ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സിജെപി നാളെ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി പോലീസ്. പോലീസ് ഉദ്യോഗസ്ഥർ പഴയ ഡൽഹിയിലെ പള്ളിക്കകത്ത് കയറുകയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രാർത്ഥനാചടങ്ങുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന മൈക്ക് ഉപയോഗിച്ചുകൊണ്ടാണ് പോലീസിന്‍റെ അസാധാരണമായ വിളംബരം. നിങ്ങളുടെ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും കുട്ടികളോടും അനാവശ്യമായി ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ഭാഗമാകുകയോ ചെയ്യരുതെന്ന് ഉപദേശിക്കുകയെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ മൈക്കിലൂടെ ആവശ്യപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥർ പള്ളിക്കകത്ത് കയറി മുന്നറിയിപ്പ് നൽകുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.’പ്രചരിക്കുന്ന കിംവദന്തികൾക്ക് ചെവി കൊടുക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. പ്രകോപനപരമായ സന്ദേശങ്ങളിൽ വീണുപോകരുത്. ഉത്തരവാദിത്തത്തോടെ പെരുമാറാൻ എല്ലാവരും ജാഗ്രത കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തിന്‍റെ സുരക്ഷയ്ക്ക് മുഖവില കൽപ്പിച്ചുകൊണ്ട് പോലീസുമായും അധികൃതരുമായും സഹകരിക്കണം.
പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം.ജന്തർ മന്തർ 2 എന്ന പേരിലാണ് സിജെപി നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ദിവസത്തെ ധർണയിൽ സമരം തീരില്ലെന്നും ദിവസങ്ങൾ നീളുന്ന സമരത്തിന് തയ്യാറായി വരാനും പ്രവർത്തകർക്ക് സിജെപി നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധം നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 23,000 സുരക്ഷാ ജീവനക്കാരെ ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. ജമ്മു കാശ്മീർ, പശ്ചിമബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. 15,000-ത്തിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.





























