തൃശൂര്‍ : ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുത്ത് സ്റ്റേഷനിലേക്ക് വിളിപ്പിച്ച വയോധികനെ പോലീസ് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ 80കാരനായ വയോധികന്‍ ആശുപത്രിയില്‍. ചാവക്കാട് കോഴിക്കുളങ്ങര പുതുവീട്ടില്‍ അഷ്റഫലിയാണ് ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.
സ്വത്തു തര്‍ക്കവും ഗാര്‍ഹിക പീഡനവും ആരോപിച്ച് അഷ്റഫലിയുടെ മകളും ഭാര്യയും നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കേസില്‍ റിമാന്‍ഡിലായിരുന്ന അഷ്റഫലി കഴിഞ്ഞ ദിവസമാണ് ജാമ്യം നേടിയത്. തന്‍റെ സമ്ബാദ്യം കൊണ്ടുണ്ടാക്കിയ വീട്ടില്‍നിന്ന് തന്നെ ഇറക്കിവിടാനാണ് മക്കള്‍ ശ്രമിക്കുന്നതെന്ന് അഷ്റഫലി ആരോപിച്ചു.
സ്‌റ്റേഷനിലെത്തിയ തന്നെ എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജ് ക്രൂരമായാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ വിശദീകരിക്കുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നുള്ള വേദന അധികരിച്ചതിനാല്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. 80കാരനാണെന്ന പരിഗണന പോലും നല്‍കാതെയാണ് എസ്.എച്ച്.ഒ തന്നെ മര്‍ദിച്ചതെന്നും നട്ടെല്ലിന് ക്ഷതവും കേള്‍വിശേഷി കുറഞ്ഞെന്നും അഷ്റഫലി പറയുന്നു. നാവിന് മുറിവേല്‍ക്കുകയും ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
എന്നാല്‍, പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഭാര്യയെയും മകളെയും അഷ്റഫലി മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജ് പറഞ്ഞു. മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായ അഷ്റഫലിയുടെ പേരില്‍ മുമ്ബും മക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്.എച്ച്.ഒ സെല്‍വരാജ് അറിയിച്ചു.