ഭോപ്പാല്‍ : ദ്രുതഗതിയില്‍ കോവിഡ് നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണം കൊണ്ടു വന്ന ശേഷം മദ്ധ്യപ്രദേശില്‍ പോലീസ് നടത്തിയ ഞെട്ടിക്കുന്ന നരനായാട്ടിന്റെ വീഡിയോ വൈറലാകുന്നു. ശരിയായ രീതിയില്‍ മാസ്‌ക്ക് വെച്ചില്ല എന്ന കാരണത്താല്‍ ഇന്‍ഡോറില്‍ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് ഒരാളെ വഴിയിലിട്ട് തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്.
ഓട്ടോറിക്ഷാ ഡ്രൈവറായ കൃഷ്ണ കേയാര്‍ എന്ന 35 കാരനാണ് പോലീസിന്റെ കടുത്ത മര്‍ദ്ദനത്തിന് ഇരയായത്. അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം തിരികെ പോകുമ്പോള്‍ ഇയാള്‍ വെച്ചിരുന്ന മാസ്‌ക്ക് മൂക്കില്‍ നിന്നും താഴെയായി പോയതാണ് മര്‍ദ്ദനത്തിന് കാരണം. ഇത് ശ്രദ്ധിച്ച രണ്ടു പോലീസുകാര്‍ റോഡില്‍ വെച്ച് ഇയാളെ പിടികൂടുകയും സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌റ്റേഷനിലേക്ക് പോകാന്‍ കൃഷ്ണ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു രണ്ടു പോലീസുകാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്.
സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതില്‍ കൃഷ്ണയെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും നിലത്തുകൂടെ വലിച്ചുകൊണ്ടു നടക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന കൊച്ചു കുട്ടി സഹായത്തിന് വേണ്ടി അലറിക്കരയുന്നതും വീഡിയോയില്‍ കാണാം. പട്ടാപ്പകലിന്റെ വെളിച്ചത്തില്‍ നഗരമദ്ധ്യത്തിലാണ് സംഭവം. എന്നിട്ടും ആള്‍ക്കാര്‍ ഇടപെടാതെ ഫോണില്‍ ഫോട്ടോയെടുക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. ഒരാളും തടയാന്‍ ചെന്നുമില്ല.
കമല്‍ പ്രജാപത്, ധര്‍മ്മേന്ദ്രാ ജാഠ് എന്നിവരാണ് പോലീസുകാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരേയും തിരിച്ചറിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല. എന്നാല്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുവരേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.