കൊണ്ടോട്ടി: സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി വില്‍പ്പന നടത്തുന്നത് തടയാന്‍ പരിശോധനയ്ക്കിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മര്‍ദനമേറ്റതായി പരാതി. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചത്.
ലാത്തിയടി ഏല്ക്കാതെ നഗരസഭാ അധ്യക്ഷ കെ.സി.ഷീബ ഓടി രക്ഷപ്പെട്ടു. ആരാണെന്നു നോക്കാതെയാണ് പോലീസ് ഇടപെടുന്നതെന്നു നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കവെയാണ് സംഭവമുണ്ടായത്. പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയര്‍പേഴ്സനും ഉദ്യോഗസ്ഥരും എത്തിയത്. ഇതിനിടെ ഇവിടേക്ക് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥന് ലാത്തി വീശുകയായിരുന്നു.